ചരിത്രം സൃഷ്ടിച്ച ' കോവൈ പഴമുതിർ നിലയം ' എന്ന പഴക്കടയുടെ പിറവിയുടെയും വളർച്ചയുടെയും കഥ!!!
വഴിയരികിൽ പഴക്കച്ചവടം നടത്തികൊണ്ടിരുന്ന ഒരാൾ , ദക്ഷിണേന്ത്യയിൽ ഫ്രുട്സ് ബിസിനസ് രംഗത്തു ചക്രവർത്തിയായി മാറിയ കഥ ആരെയും രോമാന്ച്ചമണിയിക്കും. പിതാവു മരിച്ചതിനെ തുടർന്നു ചിന്നസ്വാമി , നടരാജൻ , കന്തസ്വാമി , എന്നീ മൂന്നു സഹോദരന്മാരുടെ ചുമലിലായി കുടുംബഭാരം . കുടുംബത്തിന്റെ ചെലവുകൾ നടത്താൻ എന്തെങ്കിലും ചെയ്തേ മതിയാകൂ . ചിന്നസ്വാമിക്കു പന്ത്രണ്ടും നടരാജനു പത്തും കന്തസ്വാമിക്കു ഒൻപതും വയസ്സ് . ചിന്നസ്വാമിയും നടരാജനും കോയമ്പത്തൂരിലെ ഒരു പഴക്കടയിൽ ജോലിക്കു കയറി , കന്തസ്വാമി ഒരു പെട്രോൾ പമ്പിലും . കിട്ടുന്ന പണമത്രയും ഒരു പൈസപോലും പാഴാക്കാതെ അവർ കുടുംബത്തിലെ ചിലവുകൾക്കായി നീക്കിവച്ചുകൊണ്ടിരുന്നു .
പത്തു പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞു . ഇതിനകം പഴക്കച്ചവടത്തിന്റെ എല്ലാ ഉള്ളുകളികളും നടരാജനും സഹോദരന്മാരും മനസിലാക്കി . സ്വന്തമായി ഒരു ബിസിനസ് എന്ന തങ്ങളുടെ ആശയം നടപ്പാക്കാൻ അവർ ആലോചിച്ചു . എന്തു ബിസിനസ് എന്നു രണ്ടുവട്ടം അവർക്ക് ആലോചികേണ്ടി വന്നില്ല . 1965 ൽ 300 രൂപ മുടക്കി സ്വന്തമായി നടരാജാൻ ഒരു പഴക്കട ആരംഭിച്ചു .പിന്നീടു ചരിത്രം സൃഷ്ടിച്ച 'കോവൈ പഴമുതിർ നിലയം ' എന്ന ഹോൾസെയിൽ പഴക്കച്ചവട സ്ഥാപനത്തിന്റെ തുടക്കം അതാണ്.
തുടക്കത്തിൽ അനവധി ബുദ്ധിമുട്ടുകൾ . പഴക്കട നടത്തുന്ന സ്ഥലത്തിന്റെ വാടക കൊടുക്കാനുള്ള വരുമാനം പോലും കച്ചവടത്തിൽനിന്നു കിട്ടുന്നില്ല . അതുകൊണ്ട് സഹോദരന്മാർ തൊട്ടടുത്തുള്ള ഷിഫ്റ്റടി സ്ഥാപനത്തിൽ ജോലിക്കു കയറി . ഒരാൾ കടയിലിരിക്കും മറ്റുള്ളവർ മില്ലിൽ പോകും . പക്ഷേ ഇതുകൊണ്ടൊന്നും ബിസിനസ്സിൽ കയറ്റമുണ്ടാകുന്നില്ലെന്നു മനസിലാക്കിയ നടരാജാൻ പുതിയ ബിസിനസ് തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി .
*പഴങ്ങൾ മുറിച്ചുവിൽപ്പന
യാത്ര ചെയ്യുന്നവർക്കു വഴിയിൽ കിട്ടുന്നതു കൂടുതലും എണ്ണയിൽ വറുത്ത ഭക്ഷണസാധനങ്ങൾ ആണ് . ഫ്രൂട്സ് വാങ്ങിച്ചാൽ തന്നെ അതു മുറിച്ചേടുക്കാനുള്ള കത്തിയും കയ്യിൽ ഉണ്ടാകില്ല . ഇതിൽ ഒരു നല്ല ബിസിനസ് അവസരം നടരാജാൻ കണ്ടെത്തി . ആപ്പിളും കൈതച്ചക്കയും മറ്റും മുറിച്ചു ചെറിയ കഷ്ണങ്ങളാക്കി കൊടുത്താൽ യാത്രയ്ക്കായി സ്റ്റാൻഡിൽ എത്തുന്നവർക്ക് അതു സൗകാര്യമാണെന്നു നടരാജാൻ മനസിലാക്കി . പിന്നെ മടിച്ചില്ല . ആപ്പിളും കൈതച്ചക്കയും തണ്ണിമത്തനും മറ്റു ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് വിൽപ്പനചെയാൻ തുടങ്ങി . ഒപ്പം ഫ്രഷ് ആയ ഫ്രൂട്ട് ജ്യൂസ് . ഇതൊരു വലിയ മാറ്റമായിരുന്നു മാത്രമല്ല , ആ കച്ചവടത്തിൽ കുറഞ്ഞതു 150 ശതമാനം ലാഭം കിട്ടുകയും ചെയ്തു . ക്രമേണ പഴത്തിനോപ്പം പച്ചക്കറികളുടെ മൊത്തവ്യാപാരവും നടരാജാൻ ഏറ്റെടുത്തു .
ഇപ്പോൾ കോയമ്പത്തൂരിലും തമിഴ്നാട്ടിലുമായി 34 വിൽപ്പന കേന്ദ്രങ്ങളുണ്ട് പഴമുതിൽ നിലയത്തിന് . പ്രതിവർഷം 160 കോടിരൂപയുടെ ബിസിനസ് ചെയ്യുന്നു .
*കാലത്തിനൊപ്പം മാറ്റം
നടരാജൻ തന്റെ മൂത്തമകൻ സെന്തിലിനെ എൻജിനീയറിങ്ങിനു ചേർത്തു . സെന്തിൽ കുറേക്കാലം മൈക്രോ സോഫ്റ്റിൽ പ്രോഡക്ട്
ഡവലപ്പറായി ജോലി നോക്കി . ഏഴു വർഷം മുൻപ് സെന്തിൽ മൈക്രോ സോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് പിതാവിനൊപ്പം ബിസിനസ്സിൽ ചേർന്നു . ഐ ടി രംഗത്തു തനിക്കുള്ള പരിജ്ഞാനം സെന്തിൽ പഴം - പച്ചക്കറിക്കച്ചവടത്തിൽ പ്രയോഗിച്ചതോടെ , ഉൽപന്നങ്ങളുടെ സംഭരണം, സ്റ്റോക്ക് നില , വിതരണം , ഓരോ ദിവസത്തെയും വിൽപ്പന , വില നിലവാരം , മാർക്കറ്റിലെ കയറ്റിറക്കങ്ങൾ , ഇന്ത്യയിലെ പൊതുവായ പച്ചക്കറി നിലവാരം എന്നിങ്ങനെ ഉള്ളതെല്ലാം ഒരു മൗസ്സ് ക്ലിക്കിനുള്ളിലായി . മറ്റു പല പഴം - പച്ചക്കറി മൊത്ത വ്യാപാരികളെ അപേക്ഷിച്ചും പഴമുതിർ നിലയത്തെ ഈ സാന്കേതികതികവ് ബഹുദൂരം മുന്നോട്ടു നയിച്ചു .
അമേരിക്ക, ഓസ്ട്രേലിയ , ഈജിപ്ത് , ന്യൂസീ ലൻഡ് മുതലായ വിദേശരാജ്യങ്ങളിൽ നിന്ന് ആപ്പിൾ , സ്ട്രോബറി , ഓറഞ്ച് , എന്നിങ്ങനെയുള്ള പഴവർഗങ്ങളുടെ ഇറക്കുമതി, ചീഞ്ഞ പച്ചക്കറികളുടെയും പഴങ്ങളുടെയും അവശിഷ്ടങ്ങൾ വളമാക്കി മാറ്റൽ , ശുദ്ധമായ ഫ്രൂട്ട് ജ്യൂസ് ന്റെ വിൽപ്പനക്കായി സീസണ്സ് എന്ന പേരിൽ ജ്യൂസ് ബാറുകളുടെ ശൃംഖല .....കോവൈ പഴമുതിർ നിലയം ബിസിനസ്സിന്റെ പുതിയ മേഖലകളിലേക്ക് ഉയർന്നു പറക്കുകയാണ് . ഓരോ മേഖലയും തനതായി കോടിക്കണക്കിനു രൂപയുടെ ബിസിനസ് ചെയ്യുന്ന നിലയിലെത്തികൊണ്ടിരിക്കുന്നു . 2015 ആകുമ്പോഴേക്കും 50 കോടി രൂപ കൂടി മുതൽ മുടക്കി തമിഴ്നാടിനു പുറമേ , ബാംഗ്ലൂർ , കൊച്ചി , ഹൈദരാബാദ് എന്നിവങ്ങലിലെക്കു സ്റ്റോറുകളുടെ ചെയിനുകൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സെന്തിൽ നടരാജാൻ .
കസ്റ്റമറുടെ മനസ്സറിഞ്ഞു ബിസിനസ് നടത്തിയിട്ടുള്ള ബിസിനസ്സുകളൊന്നും പരാജയപ്പെട്ടിട്ടില്ല .പക്ഷേ , കസ്റ്റമറുടെ മനസ്സറിയാൻ എന്താണൊരു മാർഗം ? കോമണ്സെൻസ് ഉണ്ടെങ്കിൽ എളുപ്പമായി . ബിസിനസ് ചെയ്യുന്ന ആൾ സ്വയം, സ്വന്തം ഉൽപന്നത്തിന്റെ കസ്റ്റമറായി സങ്കൽപ്പിച്ചു നോക്കി , എന്താണ് ഉൽപന്നത്തിൽ നിന്നു പ്രതീക്ഷികുന്നതെന്ന് ആലോചിക്കുക . താൻ ബിസിനസ് ചെയ്യുന്ന ഉൽപന്നത്തിന് ആദ്യം തന്നെത്തന്നെ തൃപ്തിപ്പെടുത്താൻ കഴിയുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുക . വിജയിച്ചിട്ടുള്ള ഏതു ബിസിനസ്സിന്റെയും കഥ നോക്കിക്കോളൂ , അതിന്റെ വിജയ രഹസ്യം മറ്റൊന്നല്ല .
*ഗുണഭോക്താക്കളുടെ അഭിരുചി നോക്കണം
പഴവർഗങ്ങളും പച്ചക്കറികളും അവയുടെ പുതുമയും ഗന്ധവും നഷടപ്പെടാതെ കിട്ടിയാൽ വാങ്ങാൻ ആളുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണ് കോവൈ പഴമുതിർ നിലയം . ഗാർഡൻ ഫ്രഷ് ഉൽപന്നങ്ങൾ , കസ്റ്റമറുടെ കീശക്കിണങ്ങുന്ന വിലയിൽ ലഭ്യമാക്കാൻ കഴിഞ്ഞതാണ് അവരുടെ വിജയത്തിന്റെ പ്രധാന കാരണം .
ഓരോ ദേശത്തെയും ഗുണഭോക്താക്കളുടെ പർച്ചേസിങ് സംസ്കാരം വ്യത്യസ്തമാണ് . അതു മനസിലാക്കി ബിസിനസ് നടത്തണം . ഏതു ബിസിനസ്സിലായാലും ഗുനഭോക്താവിനു തന്നെയായിരിക്കണം മുൻതൂക്കം .മണം , നിറം , വലുപ്പം , ഡിസൈൻ , കാര്യക്ഷമത , വില്പ്പനാനന്തര സേവനം , ഉപയുക്തത എന്നിങ്ങനെ എതുൽപന്നത്തിനും കസ്റ്റമറുടെ വ്യത്യസ്തമായ ആവശ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള കഴിവുണ്ടായിരിക്കണം . ദേശവ്യത്യാസമനുസരിച്ച് ഈ ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും . ഉദാഹരണത്തിന് , തുണിത്തരങ്ങൾക്കു ചില ദേശങ്ങളിൽ കടുത്ത നിറങ്ങളോടായിരിക്കും പ്രിയം . മറ്റു ചിലയിടങ്ങളിൽ ഇളം നിറങ്ങൾക്കു ഗുണഭോക്താക്കൾ മുൻതൂക്കം നൽകും .ഈ വ്യത്യാസം മനസിലാക്കാതെ തുണിത്തരങ്ങളെടുത്തു വച്ചിട്ട് ബിസിനസ് നടക്കുന്നില്ലന്നു പരിതപിച്ചിട്ടെന്തു കാര്യം ? എല്ലാ ഉൽപന്നങ്ങൾക്കും ഒരേ വിപണനരീതി ഇണങ്ങില്ലെന്നൻഥം .
*പഴമുതിർ നിലയം നൽകുന്ന പാഠം
കസ്റ്റമർക്ക് ആവശ്യമുള്ളത് എന്ത് എന്നു മനസിലാക്കിയാൽ ഏതു ബിസിനസും വിജയിക്കും . പല ഉൽപന്നങ്ങളും ഇപ്പോൾ നല്കികൊണ്ടിരിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള മാർഗങ്ങൾ ആവിഷ്കരിച്ചും നേട്ടങ്ങൾ ഉണ്ടാക്കാം . ഇലക്ട്രോ ണിക് രംഗത്ത് അനുദിനം പുതിയ സേവന സൗകര്യങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കേ നിലനിൽപ്പുള്ളൂ . ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുടെ വ്യത്യസ്തമായ അഭിരുചികൾ മനസിലാക്കാൻ ബിസിനസ്സുകാരാൻ പഞ്ചേന്ദ്രിയങ്ങളും തുറന്നു വയ്ക്കണം . നിലവിലില്ലാത്ത പുതിയ അനുഭവങ്ങൽ കസ്റ്റമർക്കു കാഴ്ചവച്ചും നേട്ടങ്ങൾ ഉണ്ടാക്കാം .
(courtesy: Tasc smart life)
No comments:
Post a Comment