Sunday, 12 February 2017

ബ്രാന്‍ഡിനെ പ്രശസ്തമാക്കുന്ന ഭാഗ്യമുദ്രകള്‍............?

നന്നായി രൂപകല്‍പ്പന ചെയ്ത ബ്രാന്‍ഡ് ഭാഗ്യമുദ്രകളും കഥാപാത്രങ്ങളും ബ്രാന്‍ഡുകളെ പ്രശസ്തിയിലേക്ക് നയിച്ച കഥകള്‍ നമുക്ക് സുപരിചിതമാണ്. 

പാതി കടിച്ച ബ്രഡ്ഡുമായി നില്‍ക്കുന്ന ചുവന്ന പുള്ളിയുടുപ്പിട്ട ഒരു കൊച്ചു പെണ്‍കുട്ടി. ഇത് കേള്‍ക്കുമ്പോള്‍ എന്താണ് നിങ്ങളുടെ മനസിലേക്ക് ഓടിയെത്തുന്നത്? 'അമുല്‍' എന്ന ബ്രാന്‍ഡാണെങ്കില്‍ ബ്രാന്‍ഡ് ഭാഗ്യമുദ്രകളുടെ സുന്ദരവലയത്തിലാണ് നിങ്ങളിപ്പോള്‍! നന്നായി രൂപകല്‍പ്പന ചെയ്ത ഒരു ഭാഗ്യമുദ്ര ആ ബ്രാന്‍ഡിനെ തന്നെ പ്രശസ്തിയിലേക്ക് എത്തിക്കുന്നതിന്റെ ഇതിലും നല്ലൊരു ഉദാഹരണം നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ആവശ്യമില്ല അല്ലേ? 

മാര്‍ക്കറ്റിംഗിലെ വളരെ പ്രയോജനമുള്ള ഘടകങ്ങളിലൊന്നാണ് (Brand Element) ഈ ബ്രാന്‍ഡ് ഭാഗ്യമുദ്രകള്‍ (Brand Mascots) അല്ലെങ്കില്‍ ഈ കഥാപാത്രങ്ങള്‍ (Brand characters) നിങ്ങള്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും, ഒളിംപിക്‌സിനും നമ്മുടെ ദേശീയ സ്‌പോര്‍ട്‌സ് മീറ്റിനുമെല്ലാം ഭാഗ്യമുദ്രകളുടെ അകമ്പടിയുള്ളത്. മുതിര്‍ന്നവരില്‍ പലരും ഏഷ്യാഡ് അപ്പുവിനെ ഓര്‍മിക്കുന്നുണ്ടാവുമല്ലോ? ഇത്തരം കായിക മാമാങ്കങ്ങളില്‍ നിന്നുതന്നെയായിരിക്കും ഭാഗ്യമുദ്രകള്‍ ബ്രാന്‍ഡിംഗ് രംഗത്തേക്കും കടന്നുവന്നത്.

 ഫാസ്റ്റ്ഫുഡ് ഭീമന്മാരായ മക്‌ഡൊണാള്‍ഡ്‌സിന്റെ റൊണാള്‍ഡ് മക്‌ഡൊള്‍ഡ്, പില്‍സ്ബറി ആട്ടയുടെ ഡവ് ബോയ് (Doughboy), നമ്മുടെ ഇന്ത്യന്‍ റെയില്‍വേസിന്റെ സ്വന്തം ഭോലു ആനക്കുട്ടി, ഈയിടെ പ്രശസ്തമായ വോഡഫോണ്‍ സൂസൂസ് എന്നിവയെല്ലാം നമ്മള്‍ക്ക് ചിരപരിചിതരായ ബ്രാന്‍ഡ് കഥാപാത്രങ്ങളാണ്, മറ്റു ചിലത് അനിമേഷന്‍ കഥാപാത്രങ്ങളാണ്.

ബ്രാന്‍ഡ് കഥാപാത്രങ്ങള്‍ 
മിക്കവാറും പരസ്യങ്ങളിലൂടെ തന്നെയാണ് നമ്മുടെ മുന്നിലെത്തുന്നത്. പിന്നീട് ബ്രാന്‍ഡിന്റെ പരസ്യ കാംപെയ്‌നുകള്‍, സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടികള്‍, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, പാക്കേജുകള്‍ എന്നിവയിലെല്ലാം സ്ഥിര സാന്നിധ്യമായി ഇവ മാറുന്നു. ബ്രാന്‍ഡ് അവബോധമുണ്ടാക്കാന്‍ മികച്ചൊരു മാര്‍ഗംകൂടിയാണ് ഈ കളര്‍ഫുള്‍ കഥാപാത്രങ്ങള്‍. പലപ്പോഴും ഉല്‍പ്പന്ന/സേവനത്തിന്റെ ഗുണഗണങ്ങള്‍ സൂചിപ്പിക്കുന്നതായിരിക്കും ഇവ. ഉദാഹരണത്തിന്, ഹച്ച് സെല്ലുലാര്‍ നെറ്റ്‌വര്‍ക്കിന്റെ ഓമനത്തമുള്ള ആ പഗ്ഗ് പട്ടിക്കുട്ടിയെ ഓര്‍മ്മയുണ്ടാവുമല്ലോ? യജമാനന്റെ കൂടെ എവിടെ വേണമെങ്കിലും ഓടിച്ചാടി നടക്കുന്ന ഈ പട്ടിക്കുട്ടി നെറ്റ്‌വര്‍ക്ക് ഏത് സ്ഥലത്തും ലഭിക്കുമെന്ന് സൂചിപ്പിക്കാനാണ് ഉപയോഗിച്ചത്.

നമ്മുടെ സ്വന്തം എയര്‍ ഇന്ത്യയുടെ മഹാരാജാവാകട്ടെ, ബ്രാന്‍ഡിന്റെ സര്‍വീസുകളില്‍ രാജകീയമായ സൗകര്യങ്ങളും വിശ്വസിക്കാവുന്ന സേവനവും ലഭ്യമാക്കുന്നതാണെന്ന് അര്‍ത്ഥമാക്കുന്നു.

പ്രായം കൂടാത്ത ബ്രാന്‍ഡ് കഥാപാത്രങ്ങള്‍

എന്തുകൊണ്ടായിരിക്കാം ഇപ്പോള്‍ ബ്രാന്‍ഡ് കഥാപാത്രങ്ങളെ കമ്പനികള്‍ വളരെയധികം ഉപയോഗിക്കുന്നത്? മാര്‍ക്കറ്റിംഗ് ഗവേഷണങ്ങള്‍ പറയുന്നത് തങ്ങളുടെ സ്വഭാവസവിശേഷതകളോട് അടുത്തുനില്‍ക്കുന്ന കഥാപാത്രങ്ങളെ ഉപഭോക്താക്കള്‍ പെട്ടെന്ന് സ്വീകരിക്കുമെന്നു തന്നെയാണ്. പിന്നീട്, പരസ്യതന്ത്രങ്ങളിലൂടെ ബ്രാന്‍ഡിലേക്കും ഈ കാഴ്ചപ്പാടുകള്‍ പകര്‍ന്നു നല്‍കുന്നു. തങ്ങളുടെ ബ്രാന്‍ഡ് രസകരവും താല്‍പ്പര്യമുണര്‍ത്തുന്നതുമാണെന്ന് സൂചിപ്പിക്കാനായി പല ബ്രാന്‍ഡുകളും ഭാഗ്യമുദ്രകളെ ആശ്രയിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അടുത്ത തവണ നിങ്ങളുടെ കുട്ടി 'സണ്‍ ഫീസ്റ്റ്' ബിസ്‌ക്കറ്റ് കാണുമ്പോള്‍ ബ്രാന്‍ഡ് മുഖമുദ്രയായ 'സണ്ണി' എന്ന കൊച്ചുസൂര്യനിലേക്ക് താല്‍പ്പര്യത്തോടെ നോക്കുന്നത് കാണൂ. ബ്രാന്‍ഡ് കഥാപാത്രങ്ങള്‍ നമ്മുടെയെല്ലാം ഉപഭോക്തൃ സംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ സ്വീകരിച്ചതായി മനസിലാക്കാം. ഇത് മാത്രമല്ല, സെലിബ്രിറ്റികളെ ഉപയോഗിക്കുന്നതുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍, ഈ ഭാഗ്യമുദ്രകള്‍ക്ക് പ്രായം കൂടുകയില്ല, കരാര്‍ തുക കൂട്ടി ചോദിക്കുകയുമില്ല!! നമ്മുടെ 'അമുല്‍ ഗേള്‍' അന്നും ഇന്നും ആ കൊച്ചു പെണ്‍കുട്ടിതന്നെ! വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന/സേവന ശ്രേണിയുള്ള കമ്പനികള്‍ക്ക് ഈ ബ്രാന്‍ഡ് കഥാപാത്രങ്ങളെ എല്ലാ ശ്രേണിയിലേയും പരസ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന മെച്ചവും കൂടിയുണ്ട്. ഇങ്ങനെ ജനസമ്മതി നേടുന്ന ഭാഗ്യമുദ്രകള്‍ വിലയുള്ള ലൈസന്‍സിംഗ് ഘടകങ്ങള്‍ കൂടിയാകുകയാണ്.

ഭാഗ്യമുദ്രകളുടെ പ്രസക്തി കമ്പനികള്‍ തിരിച്ചറിഞ്ഞ ഇക്കാലത്ത്, പലപ്പോഴും ഇവ രൂപകല്‍പ്പന ചെയ്യാനായി പ്രമുഖ ആര്‍ട്ടിസ്റ്റുകളെ അല്ലെങ്കില്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സികളെ തന്നെയോ ആണ് വന്‍തുകയ്ക്ക് ജോലിയേല്‍പ്പിക്കുന്നത്. ക്ലിക്കായാല്‍ ഈ ചെലവ് സുഖമായി മുതലാക്കാമെന്ന് ഇവര്‍ക്കറിയാം. ഇനി ഏഷ്യന്‍ പെയ്ന്റ്‌സിന്റെ വളരെ പ്രശസ്തമായ 'ഗാട്ടു' എന്ന ഭാഗ്യമുദ്ര വരച്ചത് ആരാണെന്നറിയാമോ? നമ്മുടെയെല്ലാം അഭിമാനമായ ആര്‍.കെ ലക്ഷ്മണ്‍!

ബ്രാന്‍ഡ് കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

• ഉല്‍പ്പന്ന/സേവനത്തിന്റെ വിപണനത്തെ ഉയര്‍ത്താനാണ് ഈ കഥാപാത്രങ്ങള്‍ നിലനില്‍ക്കേണ്ടത്. ഒരിക്കലും, ഇവ ബ്രാന്‍ഡിനെ വെറും നിഴലാക്കി മാറ്റരുത്.

• ബ്രാന്‍ഡ് അവബോധം സൃഷ്ടിക്കാനായി പലതരം ബ്രാന്‍ഡ് ഘടകങ്ങളുടെ (Brand Elements) കൂടെയാണ് ഈ ഭാഗ്യമുദ്രകള്‍ പ്രവര്‍ത്തിക്കേണ്ടത്. മറ്റുള്ള ഘടകങ്ങളെ പിന്നോട്ടടിക്കലാവരുത് ഇവയുടെ ലക്ഷ്യം.

•  കാര്യം ഈ കഥാപാത്രങ്ങള്‍ക്ക് പ്രായം കൂടുകയില്ലായിരിക്കും. എന്നാല്‍ മാറുന്ന ഉപഭോക്തൃ അഭിരുചികളനുസരിച്ച് ഇവയെ പരിഷ്‌കരിക്കാന്‍ ബ്രാന്‍ഡുകള്‍ എപ്പോഴും തയാറായിരിക്കണം.

• നിങ്ങള്‍ പല രാജ്യങ്ങളിലോ സംസ്ഥാനത്തോ പ്രവര്‍ത്തിക്കുന്ന കമ്പനിയാണെങ്കില്‍ ഓരോ ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വഭാവ സവിശേഷതകളും കണക്കിലെടുത്തായിരിക്കണം ബ്രാന്‍ഡ് കഥാപാത്രങ്ങളെ സൃഷ്ടിക്കേണ്ടത്.

(courtesy: shafeeque,whatsapp)

No comments:

Post a Comment