Friday 3 February 2017

വിദേശകോളുകള്‍ സൂക്ഷിക്കുക; മൊബൈല്‍ ബാലന്‍സും കീശയും കാലിയാക്കും വന്‍തട്ടിപ്പ്!!!


ദുബായ്∙ ദുബായിൽ ഒരു ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്ന സമയം. മൊബൈലിലേക്ക് +92 എന്നോ +234 എന്നൊക്കെയോ ആരംഭിക്കുന്ന നമ്പറുകളിൽ നിന്ന് കോൾ വരുന്നുണ്ട്. യുഎഇയിലേത് +917 ആണു കോഡ്. എന്നാലും ആ ‘+’ ചിഹ്നം കാണുമ്പോൾ ഒരു സംശയമാണ്: ഒരുപക്ഷേ ഈ കോൾ ദുബായിൽ ജോലിക്ക് അപേക്ഷിച്ച കമ്പനിയിൽ നിന്നായിരിക്കുമോ? എന്തായാലും ഒന്നു നോക്കാമെന്നു കരുതി കോളെടുക്കുമ്പോഴോ തിരിച്ചു വിളിക്കുമ്പോഴോ ഉറപ്പിച്ചോളൂ ‘കോൾതട്ടിപ്പിൽ’ നിങ്ങൾ കുടുങ്ങി. ഫോൺ കട്ട് ചെയ്തു കഴിയുമ്പോൾ ബാലൻസിൽ വന്നിരിക്കുന്ന കനത്ത നഷ്ടം കാണുമ്പോഴേ അത് മനസിലാകുകയുള്ളൂ. ഫോണെടുത്ത് ഒന്നോ രണ്ടോ സെക്കൻഡ് സമയം ‘ഹലോ ഹലോ’ എന്ന് പറഞ്ഞിട്ടേയുള്ളൂവെങ്കിൽ കൂടി പണം നഷ്ടമായിട്ടുണ്ടാകും.
ഇനി അഥവാ തിരിച്ചു വിളിച്ചതാണെങ്കിലോ മിനിറ്റിന് ചിലപ്പോഴൊക്കെ 50 മുതൽ 400 രൂപ വരെ നഷ്ടമായേക്കാം. അതിനാൽത്തന്നെ ഒരു കാര്യം ഉറപ്പാണ്, ഇന്ത്യയിൽ നിന്നല്ല ഈ തട്ടിപ്പ്. ഇവിടെ നിന്നാണെങ്കിൽ അഞ്ചോ പത്തോ രൂപയൊക്കെയായിരിക്കും നഷ്ടമാകുക. രാജ്യാന്തര തലത്തിലുള്ള ഈ തട്ടിപ്പ് കേരളത്തിൽ വീണ്ടും ശക്തമായിരിക്കുകയാണ്. കോളെടുത്താലും മിസ്ഡ് കോൾ കണ്ട് തിരിച്ചുവിളിച്ചാലും വൻതോതിൽ പണം നഷ്ടമാകുന്നുവെന്ന് പറഞ്ഞ് വിവിധ ടെലികോം കമ്പനികളിലേക്കും പരാതികളെത്തുന്നു. സൈബർ സെല്ലിലും പരാതിയെത്തുന്നുണ്ടെങ്കിലും അവർക്ക് ഒറ്റ മറുപടിയേ ഉള്ളൂ: ‘എവിടെ നിന്നാണ് കോൾ വന്നതെന്നു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്...കണ്ടുപിടിച്ചാൽത്തന്നെ പണം തിരിച്ചുകിട്ടുകയുമില്ല’



ഇതാണ് ‘വാൻഗിരി’ തട്ടിപ്പ്!



മിസ്ഡ് കോൾ തന്ന് തിരിച്ചുവിളിപ്പിച്ച് പണം തട്ടുന്ന ഏർപ്പാട് ഇത്തരം ഫോൺ തട്ടിപ്പുകളിൽ അത്രയേറെ അധ്വാനമൊന്നും വേണ്ടാത്തതാണ്. രണ്ടായിരത്തിന്റെ തുടക്കത്തിലാണിതു ശക്തമാകുന്നത്. ജപ്പാനിൽ നിന്നായിരുന്നു തുടക്കം. ‘വാൻഗിരി(Wangiri) എന്നാണിതിനു നൽകിയിരിക്കുന്ന പേര്. വാൻഗിരി എന്നാൽ one ring and cut എന്നർഥം. പേരുപോലെത്തന്നെ ഒന്നോ രണ്ടോ സെക്കൻഡ് റിങ് ചെയ്ത് കോൾ കട്ടാക്കുന്നതാണ് ഈ രീതി. ഒരാൾക്കല്ല, ഒരേസമയം പതിനായിരക്കണക്കിനു പേർക്ക് ഇത്തരത്തിൽ മിസ്ഡ് കോൾ പോകും. അവരിൽ 1000 പേരെങ്കിലും തിരിച്ചുവിളിക്കുമെന്നതും ഉറപ്പ്. തിരിച്ചുവിളിക്കുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുക. +234, +221 എന്നെല്ലാം തുടങ്ങുന്ന നമ്പറുകൾ പൊതുവേ അറിയപ്പെടുന്നത് ഇന്റർനാഷനൽ പ്രീമിയം റേറ്റ് നമ്പർ(IPRN) എന്നാണ്. ഇത് വിവിധ കമ്പനികൾ തങ്ങളുടെ ബിസിനസ് ആവശ്യത്തിനായി ഓരോ രാജ്യത്തെയും ടെലികോം സേവനദാതാക്കളിൽ നിന്ന് വാങ്ങുന്ന നമ്പറാണ്. 



സാധാരണ കോൾ ചെലവിനേക്കാൾ ‘പ്രീമിയം’ റേറ്റ് ആയിരിക്കും ഇതിന് ഈടാക്കുക. ഇതിലേക്കു വിളിക്കുന്ന കോളിനു ചെലവാകുന്ന തുകയുടെ ഒരു ഭാഗം സർവീസ് പ്രൊവൈഡറിനും ശേഷിച്ചത് നമ്പർ വാടകയ്ക്കെടുത്ത ആൾക്കും ലഭ്യമാകും എന്നതാണ് ഐപിആർഎന്നിന്റെ പ്രത്യേകത. ചില രാജ്യങ്ങളിൽ ഇത് ‘ഫിഫ്റ്റി-ഫിഫ്റ്റി’ എന്ന കണക്കിനാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ ടെലികോം സേവനദാതാക്കൾ തട്ടിപ്പുകമ്പനികളുമായി ചേർന്ന് ‘വാൻഗിരി’ക്ക് വലവിരിക്കുന്നതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. തട്ടിപ്പുമായി ഫോണിലേക്ക് വരുന്ന നമ്പറുകൾ പരിശോധിച്ചാൽ അവയിലും ഏറെയും ആഫ്രിക്കയിൽ നിന്നാണ്. എന്നാൽ ആഫ്രിക്കയെ മാത്രം കുറ്റം പറയാനാകില്ല. എവിടെ നിന്നാണ് കോൾ വരുന്നതെന്ന് അറിയാനാകാത്ത വിധം നമ്പർ ‘മാസ്ക്’ ചെയ്യാനുള്ള സംവിധാനവും നിലവിലുണ്ട്. സൈബർ സെല്ലിനും തിരിച്ചടിയാകുന്നത് ഇതാണ്. എങ്കിലും താഴെപ്പറയുന്ന കോഡുകളോടെ ആരംഭിക്കുന്ന നമ്പറുകളിൽ നിന്നുള്ള കോളുകൾ ഒന്നു ശ്രദ്ധിക്കാം. ഏറ്റവുമധികം തട്ടിപ്പുകൾ നടക്കുന്നത് ഈ നമ്പറുകൾ വഴിയാണ്- +372എസ്തോണിയ, +92 (പാകിസ്ഥാൻ), +7 (റഷ്യ), +221(സെനഗൽ), +222(മൗറിട്ടാനിയ), +223(മാലി), +224 (ഗ്വിനിയ), +226 (ബർക്കിന ഫാസോ), +227(നീഷെർ), +228(ടോഗോ), +229 (ബെനിൻ), +257(ബുറുണ്ടി), +265(മലാവി)‌, +234(നൈജീരിയ), +216(ടുണീഷ്യ), +375(ബെലാറസ്) 



ഒരാളല്ല, ഒരായിരം പേർ 



മിസ്ഡ് കോൾ കണ്ട് തിരിച്ചുവിളിക്കുമ്പോൾ എത്രനേരം സംസാരിക്കുന്നു എന്നതിനനുസരിച്ച് കാശിങ്ങനെ പോയിക്കൊണ്ടേയിരിക്കും. സംസാരം നീട്ടാനുമുണ്ട് ചില ട്രിക്കുകൾ. ഫോൺ കണക്ട് ചെയ്യുകയാണെന്നു കാണിച്ച് #9, *3 എന്നിങ്ങനെ പലവിധ നമ്പറുകളിൽ അമർത്താൻ ആവശ്യപ്പെടും, അല്ലെങ്കിൽ വെറുതെ കണക്ടിങ് ടോൺ കേൾപ്പിച്ചു കൊണ്ടേയിരിക്കും. ഒടുവിൽ മടുത്ത് ഫോൺ വയ്ക്കുമ്പോഴേക്കും പണം നഷ്ടമായിട്ടുണ്ടാകും. ചിലർ ഫോണെടുത്ത് സംസാരിക്കും-നിങ്ങൾക്ക് ലോട്ടറിയടിച്ചു, അല്ലെങ്കിൽ ജോലിക്ക് അപേക്ഷിച്ചിരുന്നോ, ബാങ്കിലെ അക്കൗണ്ട് വിവരങ്ങളുടെ പ്രൈവസി സെറ്റിങ്സ് മാറ്റണം എന്നൊക്കെപ്പറഞ്ഞ് കോൾ നീട്ടും. ചിലരെങ്കിലും അറിയാതെ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്‌വേഡുമൊക്കെ പറഞ്ഞുകൊടുക്കും; അതോടെ തട്ടിപ്പുകാർക്ക് ഇരട്ടി ഭാഗ്യം! പോൺ വൈബ്സൈറ്റുകളിലേക്ക് ‘വശീകരിച്ചു’ കൊണ്ടു പോകുന്ന തന്ത്രവും ഫോണിലൂടെ പലരും പയറ്റാറുണ്ട്. 



പെൺശബ്ദത്തിലായിരിക്കും ഈ തട്ടിപ്പ് നടത്തുന്നതും. എന്തൊക്കെയാണെങ്കിലും പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് ഉപയോക്താക്കളുടെ പോക്കറ്റ് കാലിയാക്കുന്ന ഈ തന്ത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്ന അധികമാരെയും ഇതുവരെ പിടികൂടിയിട്ടില്ലെന്നതാണു സത്യം. പ്രീമിയം നമ്പറിലേക്കു വിളിച്ച് കാശുപോയതിന് പരാതി കൊടുത്തിട്ടും കാര്യമില്ല. അതിനാൽത്തന്നെ പണം തിരിച്ചുകിട്ടാനും പോകുന്നില്ല. കേസിനു പിന്നാലെ പോകേണ്ടെന്നു കരുതി പലരും ‘പത്തോ നൂറോ രൂപയല്ലേ അത് പോകട്ടേ’യെന്നും വയ്ക്കും. പക്ഷേ ഒരൊറ്റ ദിവസം തന്നെ പതിനായിരക്കണക്കിനു പേരാണ് തട്ടിപ്പിനിരയാകുന്നത്. അവരിൽ നിന്ന് ഒരു ഡോളർ വീതം കിട്ടിയാൽത്തന്നെ വൻലാഭക്കച്ചവടമാകും ‘വാൻഗിരി’ തട്ടിപ്പ്.



കോളെടുത്താലും കുടുങ്ങും



കോട്ടയം കുറവിലങ്ങാടു നിന്ന് സൈബർ സെല്ലിലേക്ക് ഒരു പരാതി വന്നത് തന്റെ ഫോണിലേക്ക് വന്ന കോൾ എടുത്തയുടനെ അക്കൗണ്ടിൽ നിന്ന് കാശ് നഷ്ടപ്പെട്ടു എന്നാണ്. പലർക്കും തങ്ങളുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാത നമ്പറുകളിലേക്ക് കോൾ ചെയ്തതിന്റെയും മെസേജയച്ചതിന്റെയുമെല്ലാം പേരിലുള്ള ബില്ലുകളും വരാറുണ്ട്. ഇതുപക്ഷേ വിശദമായ ബില്ല് ലഭിച്ചാൽ മാത്രമേ തിരിച്ചറിയാനും സാധിക്കൂ. അജ്ഞാത നമ്പറുകളാകട്ടെ ‘പ്രീമിയം’ റേറ്റഡ് നമ്പറുകളായിരിക്കും. ഇതെങ്ങനെയെന്ന് കുറേക്കാലത്തേക്ക് ആർക്കും പിടികിട്ടിയിരുന്നില്ല. 



ഏതാനും വർഷം മുൻപ് ബിഎസ്എൻഎൽ ഉൾപ്പെടെ ഇതു സംബന്ധിച്ച ഗൈഡ്‌ലൈൻ പുറത്തുവിട്ടിരുന്നു. ‘സിം ക്ലോണിങ്’ വഴിയുള്ള തട്ടിപ്പാണ് ഇതെന്നായിരുന്നു റിപ്പോർട്ട്. നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒരു കോൾ എടുത്ത് കുറച്ചു നേരം സംസാരിച്ചാൽ മതി സിമ്മിലെ വിവരങ്ങൾ ചോർത്തിയെടുക്കാനാകും. മൊബൈൽ കമ്പനിയിൽ നിന്നാണെന്ന വ്യാജേന ഉപയോക്താവിനെക്കൊണ്ട് #90, *39 തുടങ്ങിയ നമ്പറുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ച് തങ്ങൾക്ക് ആവശ്യമുള്ള നേരം ലൈനിൽ നിർത്തുകയും ചെയ്യും. ഈ സമയം കൊണ്ട് സിം വിവരങ്ങളെല്ലാം ചോർത്താം. 



എന്നിട്ട് നമ്മുടെ സിമ്മിന്റെ അതേ വിവരങ്ങളുമായി മറ്റൊരു ‘ക്ലോൺ’ പതിപ്പ് തയാറാക്കും. രണ്ട് സിമ്മും ഒരേപോലെ പ്രവർത്തിക്കുകയും ചെയ്യും. പക്ഷേ ബില്ല് വരുമ്പോൾ അത് നമുക്കായിരിക്കുമെന്നു മാത്രം. എപ്പോഴൊക്കെ ഫോൺ റീചാർജ് ചെയ്യുന്നോ അപ്പോഴെല്ലാം ആ തുകയെല്ലാം നഷ്ടപ്പെട്ട് എല്ലായ്പ്പോഴും ‘നെഗറ്റീവ്’ ബാലന്‍സിൽ തുടരേണ്ടി വരുന്നവരും ഉണ്ട്. സിം ഉപേക്ഷിക്കുകയല്ലാതെ അവർക്കു മുന്നിൽ വേറെ വഴിയുമില്ല. അപ്പോഴും പണം അടച്ചുതീർക്കേണ്ട ബാധ്യത ബാക്കി. 



തട്ടിപ്പിൽ പെടാതെ രക്ഷപ്പെടാം



∙ ‘പ്ലസ്’ ചേർത്ത് അറിയാത്ത നമ്പറിൽ നിന്നാണ് കോൾ വരുന്നതെങ്കിൽ തിരിച്ച് വിളിക്കാതിരിക്കുക. മിസ്ഡ് കോളുകളാണെങ്കില്‍ തിരിച്ചുവിളിക്കുകയേ അരുത്. നിങ്ങൾ തൊഴിൽ തേടുന്ന വിദേശ രാജ്യത്തെ ഒരു കമ്പനിയും മിസ്ഡ് കോൾ നൽകി നിങ്ങളെ ജോലിവിവരം അറിയിക്കില്ല. ∙ കോൾ വന്ന നമ്പർ ഗൂഗിളിൽ സേർച്ച് ചെയ്തു നോക്കുക. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നാണെങ്കിൽ സംശയിക്കാവുന്നതാണ്. ∙ ട്രൂകോളർ പോലുള്ള ആപ്പുകൾ ഇത്തരം ‘സ്പാം’ കോളുകൾ ഐഡന്റിഫൈ ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യാനും ഒരു പരിധി വരെ സഹായിക്കും. ∙ തുടർച്ചയായി‘പ്ലസ്’ ചേർത്ത കോളുകൾ വരികയാണെങ്കിൽ നിങ്ങളുടെ ടെലികോം സേവനദാതാവിന് ആ നമ്പറുകൾ കൈമാറുക. ∙ തട്ടിപ്പുകൾ തിരിച്ചറിഞ്ഞാൽ ആ നമ്പറുകൾ ഫോണിൽ സേവ് ചെയ്ത് മുൻകരുതലെടുക്കുക. അവ ബ്ലോക്ക് ചെയ്യാനും കോൾ സെറ്റിങ്സിൽ ഓപ്ഷനുണ്ട്. ∙ നമ്പർ സേവ് ചെയ്ത് വാട്ട്സാപ് വഴി പ്രൊഫൈൽ പരിശോധിച്ചും ചില തട്ടിപ്പുകൾ മനസിലാക്കാം.

No comments:

Post a Comment