Sunday, 12 February 2017

ബിസിനസ് വികസിപ്പിക്കാം, ഗൂഗിള്‍ വഴി. ?

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ബിസിനസ് ഡിജിറ്റലാക്കി കൂടുതല്‍ വിജയം നേടാന്‍ ഗൂഗിള്‍ വഴിയൊരുക്കുന്നു, ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് എന്ന പരിശീലന പദ്ധതി വഴി.

'എന്റെ കമ്പനിക്ക് വെബ്‌സൈറ്റ് എന്തിനാണ്? എല്ലാ കസ്റ്റമേഴ്‌സിനെയും ഞങ്ങള്‍ക്ക് നേരിട്ടറിയാം. ഇനി ഓണ്‍ലൈനില്‍ കൂടി എന്ത് ബിസിനസ് കിട്ടാനാണ്?' ഈ ചോദ്യം മനസിലെങ്കിലും ചോദിച്ച്, പഴയ കാല
ത്തിന്റെ വഴികളില്‍ ഒതുങ്ങി നില്‍ക്കുന്ന ഇടത്തരം ചെറുകിട സംരംഭകരെ ഡിജിറ്റല്‍ ലോകത്ത് എത്തിക്കാന്‍ ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് എന്ന പുതിയ പദ്ധതിയിലൂടെ ഗൂഗിള്‍ തയാറെടുക്കുന്നു. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ എങ്ങനെ ബിസിനസ് വിപുലമാക്കാം, വിജയിപ്പിക്കാം എന്ന് ആര്‍ക്കും ഗൂഗിളിന്റെ ഈ പരിശീലന പദ്ധതി വഴി പഠിക്കാം.

ഡിജിറ്റല്‍ ഗരാഷ് എന്ന പേരില്‍ ബ്രിട്ടനിലും ഡിജിറ്റല്‍ സ്‌കില്‍സ് എന്ന പേരില്‍ ആഫ്രിക്കയിലും അവതരിപ്പിച്ച ട്രെയ്‌നിംഗ് പ്രോഗ്രാമുകളുടെ ഇന്ത്യന്‍ പതിപ്പാണ് ഡിജിറ്റല്‍ അണ്‍ലോക്ക്ഡ്. തുണിക്കടകള്‍, ബേക്കറികള്‍ എന്നുവേണ്ട ഏത് സംരംഭമായാലും ഡിജിറ്റലാകൂ, ബിസിനസ് കൂടുതല്‍ വിപുലമാക്കൂ എന്നതാണ് ഗൂഗിള്‍ നല്‍കുന്ന സന്ദേശം. ഇന്ത്യയിലെ ബിസിനസ് രംഗം പൂര്‍ണമായും ഡിജിറ്റലാക്കാന്‍ വര്‍ഷങ്ങളായുള്ള ഗൂഗിളിന്റെ ശ്രമമാണ് ഇതുവഴി സാധ്യമാകുന്നത്. ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് (https://digitalunlocked.withgoogle.com) ജനുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞതും ഡിജിറ്റല്‍ ലോകത്തിലെ അപാര സാധ്യതകളെ കുറിച്ചാണ്.

ഗൂഗിള്‍ പറയുന്നു ഗോ ഡിജിറ്റല്‍

രാജ്യത്തെ അഞ്ച് കോടിയിലേറെ വരുന്ന ചെറുകിട ഇടത്തരം സംരംഭകരില്‍ 32 ശതമാനത്തില്‍ താഴെ മാത്രമേ ഡിജിറ്റലായിട്ടുള്ളു എന്നാണ് ഗൂഗിളിന്റെ കണക്ക്. ഇതിനു മുന്‍പ് പലതരം കാംപെയിനുകള്‍ നടത്തുകയും വെബ്‌സൈറ്റുകള്‍ ഉണ്ടാക്കാന്‍ വേണ്ട സാങ്കേതിക സഹായങ്ങള്‍ സൗജന്യമായി നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ബൃഹത്തായ പദ്ധതി ആദ്യമായാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. സംരംഭകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തുടങ്ങിയിട്ടുള്ളതെങ്കിലും ഡിജിറ്റല്‍ രംഗത്തെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ആഗ്രഹമുള്ള ആര്‍ക്കും ഇതില്‍ സൗജന്യമായി ചേരാം.
ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, മൊബീല്‍ എന്നിങ്ങനെ മൂന്ന് പ്ലാറ്റ്‌ഫോമുകളിലായാണ് പരിശീലന പരിപാടി ഗൂഗിള്‍ രൂപീകരിച്ചിരിക്കുന്നത്. വീഡിയോ ക്ലാസുകളിലൂടെയാണ് ഓണ്‍ലൈന്‍ പഠനം. കമ്പനിയുടെ വെബ്‌സൈറ്റ് ഉണ്ടാക്കുന്നതും സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നതും ഉള്‍പ്പടെ 23 വിഷയങ്ങളിലായി 89 ക്ലാസുകളാണ് ഇതില്‍ ലഭ്യമാക്കിയിട്ടുള്ളത്.

ബിസിനസ് ഡിജിറ്റലാക്കാന്‍ എന്ത് ചെയ്യണം, എന്തെങ്കിലും കോഴ്‌സ് പഠിക്കണോ എന്നിങ്ങനെയുള്ള സംരംഭകരുടെ ഒട്ടേറെ സംശയങ്ങള്‍ക്ക് മറുപടിയാണ് ഡിജിറ്റല്‍ അണ്‍ലോക്ക്ഡ്. ക്ലാസുകള്‍ ഇപ്പോള്‍ ഇംഗ്ലീഷിലാണെങ്കിലും പ്രാദേശിക ഭാഷകളില്‍ ഉടന്‍ ലഭ്യമാകും. എന്തിന് ഡിജിറ്റലാകണം എന്നതാണ് ആദ്യത്തെ ക്ലാസ്. ലഭ്യമായ അവസരങ്ങള്‍, ഇവ എങ്ങനെ ഉപയോഗിക്കണം എന്നീ വിവരങ്ങള്‍ പുറകെ.

എങ്ങനെ ഇമെയ്ല്‍ ഐഡി ഉണ്ടാകാം, ഉപയോഗിക്കാം, എന്താണ് സെര്‍ച്ച് എന്‍ജിനുകള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ മുതല്‍ അനലിറ്റിക്‌സ് വഴി കൂടുതല്‍ വിജയം നേടുന്ന വഴികളും ബിസിനസ് ഗ്ലോബലാക്കാനുള്ള മാര്‍ഗങ്ങളും ഈ ക്ലാസുകളില്‍ പഠിക്കാം.

ഓഫ്‌ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യും ഹൈദരാബാദിലെ ഇ ന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസും ഗൂഗിളിന്റെ പങ്കാളികളായിട്ടുണ്ട്. 40 നഗരങ്ങളിലായി അയ്യായിരത്തോളം വര്‍ക്ക്‌ഷോപ്പുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കാം. എട്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പലവിധം സെഷനുകള്‍ സംഘടിപ്പിക്കാനാണ് പ്ലാന്‍. കോഴ്‌സിന്റെ ഭാഗമായി ടെസ്റ്റുകളും ക്വിസുകളും നടത്തുന്നുണ്ട് ഗൂഗിള്‍. ഐബിഎസിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും.

വിപണി അടുത്തറിയാന്‍ മൊബീല്‍ ആപ്പ്

പ്രൈമര്‍ എന്ന മൊബീല്‍ ആപ്പും ഇതിനായി ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്. വീഡിയോ ക്ലാസുകളെല്ലാം ഈ ആപ്പിലും ലഭ്യമാണ്. ക്രമേണ പുതിയ വിഷയങ്ങളും ക്ലാസുകളും കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റുഫോമുകളില്‍ ലഭ്യമാകുന്ന ഈ ആപ്പില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പഠിക്കാനുള്ള സൗകര്യമുണ്ട്. ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് മാത്രമല്ല ഗൂഗിള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്. വിപുലമായ ഓണ്‍ലൈന്‍ സാന്നിധ്യത്തിനായി ബിസിനസുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്ന ഗൂഗിള്‍ മൈ ബിസിനസ് ഇനി സംരംഭകര്‍ക്ക് സ്വന്തം വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യാവുന്ന സംവിധാനം ഒരുക്കുമെന്നും സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണിലൂടെ വളരെ എളുപ്പത്തില്‍ വെബ്‌സൈറ്റ് നിര്‍മിക്കാന്‍ ഇതുവഴി കഴിയും. ഈ വര്‍ഷം അവസാനം ഈ സൗകര്യം ഇന്ത്യയില്‍ ലഭ്യമാകും. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉള്‍പ്പടെയുള്ള പല പ്രാദേശിക ഭാഷകളിലും മൈ ബിസിനസ് വെബ്‌സൈറ്റുകള്‍ ഉണ്ടാകും.
ജനസ്വീകാര്യത ഉറപ്പുവരുത്തണം
പക്ഷേ, ഇന്ത്യയിലെ ബിസിനസ് വളര്‍ച്ച ഉറപ്പാക്കാന്‍ ഗൂഗിള്‍ തയാറാക്കിയ ഈ പദ്ധതികളെല്ലാം സംരംഭകരിലേക്ക് എത്തിചേരാന്‍ കുറച്ചുകാലമെടുക്കും. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായ കേരളത്തില്‍ പലരും ഇതേക്കുറിച്ച് കേട്ടിട്ടില്ല. 'ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് ഒന്നും അറിഞ്ഞില്ല,' കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ദാമോദര്‍ അവനൂര്‍ പറയുന്നു.

ഗൂഗിളിന്റെ പ്രധാന എതിരാളിയായ മൈക്രോസോഫ്റ്റ് ഇപ്പോള്‍ തന്നെ ചെറുകിട സംരംഭങ്ങള്‍ക്കായി ക്ലൗഡ് വഴിയുള്ള സേവനങ്ങള്‍ നല്‍കുന്നുണ്ട്. മൈക്രോസോഫ്റ്റ് ഇതിലൂടെ നേടിയ അംഗീകാരങ്ങളാണ് മികച്ച ഒരു പരിശീലന പരിപാടിയുമായി ഇന്ത്യയിലെ സംരംഭകരെയും സര്‍ക്കാരിനെയും ആകര്‍ഷിക്കാന്‍ ഗൂഗ്‌ളിനെ പ്രേരിപ്പിച്ചത്. ഡിജിറ്റല്‍ അണ്‍ലോക്ഡിന്റെ ഭാഗമാകുന്നവര്‍ ഗൂഗിളിന്റെ ഉപഭോക്താക്കളാകും എന്നതും തീര്‍ച്ച.

No comments:

Post a Comment