Tuesday, 21 March 2017

ബിസിനസ് കെട്ടിപ്പടുക്കാൻ മൂന്ന്‌ വഴികൾ.?


സോണി ജോസഫ് ( Sony Joseph ) എഴുതിയ ലേഖനം.



നിങ്ങൾ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നുവോ? എന്നാൽ, അതിനു വേണ്ടി തയ്യാറെടുക്കേണ്ടതു എങ്ങനെയെന്നു സന്ദേഹം ഉണ്ടോ ? ചുവടെയുള്ള മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കൂ.
1. ബിസിനസ് ആശയം.
നൂതനമായ ഒരു ബിസിനസ് ആശയം നിങ്ങള്ക്ക് ഉണ്ടാകണം.സമൂഹത്തിന്റെ എന്തെങ്കിലും ആവശ്യത്തിനുള്ള ഒരു പരിഹാരം ആയി വർത്തിക്കുന്ന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വിപണിയിൽ സ്വീകാര്യത ലഭിക്കും.പൂർണ്ണമായും അനാവശ്യമെന്നു തോന്നുന്ന ഉത്പന്നം ആരും വാങ്ങുകയില്ല.
ഭാവനാശേഷി ഉള്ള സംരംഭകർക്ക്‌ മാത്രമേ പുതുമ കൊണ്ടു വരാൻ കഴിയൂ. മറ്റു ബിസിനസ്സുകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന, സ്വന്തമായ ശൈലിയും അസ്തിത്വവും അതിനു ഉണ്ടാകണം.മറ്റൊരാളുടെ ഉത്പന്നങ്ങളെ അതേ പോലെ അനുകരിക്കരുതെന്നു സാരം.
2. ബിസിനസ് പ്ലാൻ.
പ്ലാനിംഗ് ഇല്ലാത്തതാണ് പലരുടെയും പരാജയത്തിന് കാരണം.ബിസിനസ് ആശയത്തെക്കുറിച്ചുള്ള വ്യക്തമായ രൂപരേഖ എഴുതി തയ്യാറാക്കണം.വിപണിയെ കുറിച്ചും, സമാനമായ മറ്റു ഉല്പന്നങ്ങളെക്കുറിച്ചും പഠനം നടത്തണം.ഇത് സ്വന്തമായി ചെയ്യുകയോ, മാർക്കറ്റ് റിസർച്ചു ഏജൻസികളുടെ സേവനം തേടുകയോ ചെയ്യാം. ഉത്പന്നങ്ങളും സേവനങ്ങളും ഏതു തരം ഉപഭോക്താക്കൾക്കിടയിൽ എങ്ങനെ അവതരിപ്പിക്കണമെന്നും, എത്ര വില നിശ്ചയിക്കണമെന്നും ഇത്തരം പഠനങ്ങൾ സഹായിക്കും.
ഇതിനെ ആധാരമാക്കി തുടക്കത്തിൽ ആവശ്യമായ മൂലധനം എത്രയെന്നു കണക്കാക്കണം. കുറഞ്ഞത് ഒരു വർഷമെങ്കിലും ആവശ്യം വരാൻ ഇടയുള്ള വർക്കിങ്ങ് കാപിറ്റൽ എത്രയെന്നു അറിഞ്ഞിരിക്കണം.അടുത്ത ഒരു വർഷത്തിനുള്ളിൽ എത്ര മാത്രം വരുമാനം ഏതൊക്കെ രീതിയിൽ പ്രതീക്ഷിക്കുന്നുവെന്നു കണക്കാക്കണം.
ഇല്ലെങ്കിൽ തുടക്കത്തിൽ തന്നെ,നടത്തിപ്പിനുള്ള പണം തികയാതെ ബിസിനസ് അടച്ചു പൂട്ടേണ്ടി വരും.
ഇവയെല്ലാം സഹിതം വിശദമായ ഒരു ബിസിനസ് ഫിനാൻഷ്യൽ പ്ലാൻ രൂപപ്പെടുത്തുകയും സാമ്പത്തിക അച്ചടക്കത്തോടെ അത് പാലിക്കുകയും ചെയ്യണം.
3.ബിസിനസ് നടത്താനുള്ള കഴിവുകൾ.
ഓരോ ബിസിനസ്സിനും അതിന്റെതായ കഴിവുകൾ ആവശ്യമാണ്.സംരംഭകൻ അത്തരം അറിവുകൾ നേടിയിരിക്കണം.ജീവനക്കാർക്ക് ജോലിക്കു ആവശ്യമായ അറിവും പ്രവൃത്തി പരിചയവും ഉണ്ടെന്നു ഉറപ്പു വരുത്തുകയും വേണം.ഒരു ഹോസ്പിറ്റൽ നടത്തുന്ന വ്യക്തിക്ക് അതിന്റെ അഡ്മിനിസ്ട്രേഷൻ എങ്ങനെയെന്നും, വിദഗ്ദ്ധ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മികച്ച ടീം രൂപീകരിക്കേണ്ടതു എങ്ങനെയെന്നും അറിവുണ്ടാകണം.ആവശ്യമായ ട്രെയിനിങ്ങുകൾ നേടാൻ സംരംഭകൻ തയ്യാറായിരിക്കണം.
സാഹചര്യങ്ങൾക്ക് അനുസരിച്ചു ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ സംരംഭകൻ വിജയിച്ചാൽ മാത്രമേ ബിസിനസ് വളരുകയുള്ളൂ.
(courtesy:samrambhakan)
..................
ലേഖകനായ സോണി ജോസഫ് നമ്മുടെ പൈസ ബ്ലോഗിന്റെയും ( http://nammudepaisa.blogspot.in)
ഫിനാൻഷ്യൽ ഫ്രീഡം ലൈവ് ബ്ലോഗിന്റെയും (www.financialfreedomlive.com) ഫൗണ്ടർ ആണ്.സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചു വരുന്നു.

No comments:

Post a Comment