Sunday, 10 April 2016

പരാജയം പാഠമാക്കുക, സോയ്ചിറോയെപ്പോലെ ?

ജീവിതത്തില്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ, എങ്ങുമെത്താനായില്ലല്ലോ? എന്തുകൊണ്ട് എനിക്ക് മാത്രം ഇത്രയധികം പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുന്നു? ജീവിതത്തില്‍ ഒരിക്കല്ലെങ്കിലും ഇങ്ങനെ വിലപിക്കാത്തവര്‍ ചുരുക്കം. നിങ്ങള്‍ എത്രതവണ പരിശ്രമിച്ചു എന്നതല്ല, വിജയം വരെ പരിശ്രമിച്ചോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. തുടരെത്തുടരെ പരാജയങ്ങള്‍ നേരിട്ടപ്പോഴും അവയെയെല്ലാം മുന്നേറാനുള്ള ചവിട്ടുപടിയായി കാണുന്നവര്‍ക്ക് വിജയം സുനിശ്ചിതം തന്നെ എന്നതിന് ചരിത്രത്തില്‍ ഒട്ടനവധി ഉദാഹരണങ്ങള്‍ കാണാനാകും.ഹോണ്ട കമ്പനിയുടെ അധിപനായ സോയ്ചിറോ ഹോണ്ടയുടെ ജീവിതകഥ കേട്ടുനോക്കൂ. 1906 നവംബര്‍ 17ന് ജപ്പാനിലെ ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് നടത്തിയിരുന്നതിനാല്‍ ചെറുപ്പം മുതല്‍ തന്നെ സോയ്ചിറോയ്ക്ക് ഓട്ടോമൊബൈല്‍ രംഗത്തോടായിരുന്നു കമ്പം. 1937ല്‍ 28ാമത്തെ വയസ്സില്‍ ഒരു കമ്പനി തുടങ്ങണമെന്ന ആഗ്രഹത്തോടെ പിസ്റ്റണ്‍ റിങ്ങ്സ് ഉണ്ടാക്കി ടൊയോട്ട കമ്പനിയില്‍ കൊണ്ടുപോയിക്കൊടുത്തു. ഭാര്യയുടെ കെട്ടുതാലി വരെ വിറ്റ പണം കൊണ്ടാണ് പിസ്റ്റണ്‍ റിങ്ങ്സ് ഉണ്ടാക്കിയത്. കഷ്ടമമെ ന്നല്ലാതെ എന്തുപറയാന്‍? വേണ്ടത്ര ഗുണനിലവാരം ഇല്ലെന്ന് പറഞ്ഞ് ടൊയോട്ട കമ്പനിക്കാര്‍ കൈയൊഴിഞ്ഞു. ഫാക്ടറികളിലും മറ്റും അലഞ്ഞ് രണ്ട് വര്‍ഷം കൊണ്ട് ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും അദ്ദേഹം പഠിച്ചെടുത്തു. അങ്ങനെ 1941ല്‍ ടൊയോട്ടയുമായി കരാറിലേര്‍പ്പെട്ടെങ്കിലും മറ്റൊരു പ്രശ്നം ഉടലെടുത്തു. ഓര്‍ഡര്‍ നല്‍കാന്‍ വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ല. ആവശ്യത്തിന് മെറ്റീരിയല്‍ ലഭ്യമല്ല. അതും സംഘടിപ്പിച്ച് കമ്പനി തുടങ്ങിയെങ്കിലും അവിടെയും ദൗര്‍ഭാഗ്യം വേട്ടയാടി. രണ്ടാം ലോകമഹായുദ്ധം വന്നതിനാല്‍ രണ്ട് തവണ കമ്പനിയില്‍ ബോംബിട്ടു. ബോംബേറില്‍ ഫാക്ടറി തകര്‍ന്നു തരിപ്പണമായി. അങ്ങനെ എല്ലാം നഷ്ടപ്പെട്ട് പ്രതീക്ഷകളെല്ലാം അസ്തമിച്ചു എന്ന് തോന്നിയ നിമിഷം. വാഹനത്തില്‍ നിറക്കാനുള്ള ഇന്ധനം വാങ്ങാന്‍ കാശില്ലാത്തതിനാല്‍ സൈക്കിളിലായിരുന്നു യാത്ര. അപ്പോഴാണ് അദ്ദേഹത്തിന് ഒരു പുതിയ ആശയം തോന്നിയത്. സൈക്കിളില്‍ പിടിപ്പിക്കാനുള്ള യന്ത്രം കണ്ടെത്തി. അദ്ദേഹമങ്ങനെ നീങ്ങുന്നതു കണ്ട ആളുകള്‍ ഇത്തരത്തിലൊരു വാഹനം തങ്ങള്‍ക്കും വേണമെന്നാവശ്യപ്പെട്ടു. അതൊരു തുടക്കമായിരുന്നു. 18,000 പേര്‍ക്ക് ഇത്തരത്തിലൊരു പ്രൊഡക്ട് ഉണ്ടാക്കി നല്‍കാമെന്ന് പറഞ്ഞ് അദ്ദേഹം കത്തെഴുതി. 5000 പേര്‍ അഡ്വാന്‍സ് കൊടുത്തു. ആ അഡ്വാന്‍സ് തുക കൊണ്ടാണ് ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ രൂപം കൊണ്ടത്. അങ്ങനെ 1948 സെപ്റ്റംബര്‍ 24ന് ഹോണ്ട കമ്പനി രൂപം കൊണ്ടു. അതൊരു തുടക്കമായിരുന്നു. 1968 ആയപ്പോഴേക്കും പ്രതിമാസം 1 മില്യണ്‍ മോട്ടോര്‍ സൈക്കിളുകളാണ് ഹോണ്ട നി ര്‍മിച്ചു നല്‍കിയത്. എണ്‍പതുകളുടെ പകുതിയില്‍ വേള്‍ഡ് മാര്‍ക്കറ്റിന്‍റെ പകുതിയും ഹോണ്ട പിടിച്ചടക്കി.1962ല്‍ ആദ്യ റേസ് കാര്‍ പുറത്തിറക്കിയപ്പോള്‍ രാജ്യത്ത് മറ്റൊരു കാര്‍ നിര്‍മാതാക്കളുടെ ആവശ്യമില്ലെന്നു പറഞ്ഞ് പി ന്തിരിപ്പിക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു. എന്നാല്‍, 1970കളോടെ ശക്തമായ മല്‍സരത്തെ അതിജീവിച്ച് ഓട്ടോമോട്ടീവ് രംഗത്ത് വിജയക്കൊടി പാറിക്കാന്‍ ഹോണ്ടക്ക് കഴിഞ്ഞു. ഇന്ന് 140 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കാറുകളും ബൈക്കുകളും ട്രാക്ടറുകളുമുള്‍പ്പെടുന്ന ഒരു വലിയ ശൃംഖലയായി വ്യാപിച്ചിരിക്കുന്നു. വിജയക്കൊടുമുടിയില്‍ നില്‍ക്കുമ്പോഴും കുഞ്ഞുനാളില്‍ തന്നെ മോഹിപ്പിച്ച ആ സ്വപ്നത്തെക്കുറിച്ച് അദ്ദേഹം വാചാലനാവുന്നു. “ആദ്യമായി കാര്‍ കണ്ട നിമിഷം. പിന്നെ ഞാന്‍ അതിനു പുറകെയായിരുന്നു. തീരെ കുഞ്ഞായിരുന്നെങ്കിലും അന്നേ ഞാന്‍ മനസ്സിലുറപ്പിച്ചിരുന്നു ഒരുനാള്‍ ഞാനും ഒരു കാര്‍ നിര്‍മിക്കുമെന്ന്. അതെ, നമുക്ക് തീവ്രമായ സ്വപ്നമുണ്ടെങ്കില്‍ ലോകം മുഴുവന്‍ ആ സ്വപ്നസാക്ഷാത്കാരത്തിനായി കൂടെ വരും എന്ന ആല്‍ക്കെമിസ്റ്റിലെ വരികള്‍ എത്ര ശരി അല്ലേ? പരാജയപ്പെട്ടുഴലുമ്പോള്‍ ശുഭാപ്തി വിശ്വാസം വിടാതെ ഒന്നു മനസ്സിലോര്‍ക്കുക. ഇവ ഒന്നിന്‍റെയും അവസാനമല്ല. ഇനിയുമേറെ പോകാനുണ്ട്. “എല്ലാവരും വിജയം സ്വപ്നം കാണുന്നു. എന്നാല്‍, തുടര്‍ച്ചയായി വരുന്ന പരാജയങ്ങളെ അഭിമുഖീകരിച്ച് ആത്മപരിശോധന നടത്തി മുന്നേറുന്നവര്‍ക്കൊപ്പമേ വിജയമുണ്ടാകൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിജയത്തില്‍ ഒരു ശതമാനം പരിശ്രമവും ബാക്കിയെല്ലാം തടസ്സങ്ങളെ ധൈര്യപൂര്‍വ്വം അതിജീവിക്കലുമാണ്. പ്രതിബന്ധങ്ങളെ നിങ്ങള്‍ ഭയക്കുന്നില്ലെങ്കില്‍ വിജയവും നിങ്ങളുടേതാകും. തീര്‍ച്ച.” സ്വന്തം ജീവിതത്തിലൂടെയാണല്ലോ അദ്ദേഹം ഈ വാക്കുകള്‍ അര്‍ത്ഥപൂര്‍ണമാക്കുന്നത്.

No comments:

Post a Comment