Tuesday 26 July 2016

മാജിക് പെൻ തട്ടിപ്പ് വ്യാപകം...??

വ്യാപകമാകുന്ന മാജിക് പെൻ തട്ടിപ്പിനെതിരെ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി ബാങ്കുകൾ. വ്യാജ ചെക്കുമായി ബന്ധപ്പെട്ട പരാതികൾ പെരുകുന്ന പശ്ചാത്തലത്തിലാണു പ്രത്യേകതരം പേനയെക്കുറിച്ചു പ്രമുഖ ബാങ്കുകൾ മുന്നറിയിപ്പു നൽകിയത്. വ്യാജ ചെക്കുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു വർധിക്കുകയാണെന്ന് എഫ്ജിബി ഉപഭോക്താക്കൾക്ക് അയച്ച ഇ–മെയിൽ സന്ദേശത്തിൽ പറയുന്നു. ഇതുസംബന്ധിച്ച മുന്നറിയിപ്പുകളും ജാഗ്രതപാലിക്കേണ്ട കാര്യങ്ങളും ബാങ്ക് വ്യക്തമാക്കുന്നുണ്ട്.

സിറ്റി ബാങ്കും ഉപഭോക്താക്കൾക്കു ജാഗ്രതാ നിർദേശം നൽകി. ഈ മാസം ആദ്യം റാക് ബാങ്കും നിർദേശം നൽകിയിരുന്നു. ഉപഭോക്താവിനു പ്രത്യേകതരം പേന നൽകിയതിനുശേഷം അതുവച്ചു വിവരങ്ങൾ ചെക്കിൽ എഴുതാൻ ആവശ്യപ്പെട്ടാണു തട്ടിപ്പു നടത്തുന്നതെന്നു ബാങ്ക് അറിയിച്ചു. മാജിക് പെൻ എന്നറിയപ്പെടുന്ന ഇത്തരം പേനകൾകൊണ്ട് എഴുതുന്നതു മാഞ്ഞുപോകുന്നതോ മായിച്ചുകളയാവുന്നതോ ആണ്. തനിക്കാവശ്യമായ തുകയും പേരും എഴുതിച്ചേർത്താണ് 
ഉപഭോക്താക്കളുടെ പണം തട്ടിപ്പുകാർ കൈക്കലാക്കുന്നത്.

കൂടാതെ ക്രെഡിറ്റ് കാർഡ്, വായ്പ തുടങ്ങിയവയുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള തട്ടിപ്പു നടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ബാങ്കിന്റെ പേരിൽ വ്യാജ ഇ–മെയിൽ അയച്ച് ഉപഭോക്താവിന്റെ വിവരങ്ങൾ ചോർത്തുന്ന രീതിയുമുണ്ട്. ബാങ്ക് അയച്ചതാണെന്നു കരുതി ഉപഭോക്താവ് സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾവരെ കൈമാറി വഞ്ചിതരാകാറുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്നു ബാങ്കുകൾ അറിയിച്ചു.
ബാങ്കുകൾ നൽകുന്ന നിർദേശങ്ങൾ...
1.ബാങ്കുകൾ നൽകുന്ന നിർദേശങ്ങൾ ചെക്ക് ആരുടെ പേരിലാണോ നൽകുന്നത്, അവരുടെ പേരും മറ്റു വിവരങ്ങളും പേന ഉപയോഗിച്ചുതന്നെ പൂരിപ്പിക്കുക. മറ്റുള്ളവർ നൽകുന്ന പേന ഉപയോഗിക്കാതിരിക്കുക.
2.സ്വന്തം വിവരങ്ങൾ നൽകുന്നതിനു മുൻപു ബാങ്ക് പ്രതിനിധിയുടെ ഫോട്ടോ ഐഡന്റിറ്റിയും മറ്റു വിവരങ്ങളും പരിശോധിക്കുക.
3.ഒരിക്കലും ബ്ലാങ്ക് ചെക്ക് നൽകാതിരിക്കുക.
4. ചെക്ക് ബുക്ക് സുരക്ഷിതമായി സൂക്ഷിക്കുക.
5.അത്യാവശ്യമുള്ളപ്പോൾ മാത്രം ചെക്ക് ഉപയോഗിക്കുക. പരമാവധി ഇലക്ട്രോണിക് ബാങ്കിങ് ഉപയോഗിക്കുക.
6.ബാങ്കിൽനിന്നുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും എസ്എംഎസും ഇ–മെയിലും പതിവായി പരിശോധിക്കുക.
7.പരിചയമില്ലാത്തവർക്കു ചെക്ക് നൽകാതിരിക്കുക. ചെക്ക് സാംപിൾ ഉപഭോക്താവിൽനിന്നു ലഭിക്കാനായി ആകർഷകമായ പല വാഗ്ദാനങ്ങളും തട്ടിപ്പുകാർ നൽകാറുണ്ട്.
8.ചെക്കിൽ സുരക്ഷയ്ക്കായി നൽകിയിരിക്കുന്ന ഭാഗങ്ങൾ ശ്രദ്ധിക്കുക.
9.ചെക്കിൽ എഴുതാനായി ആരു പേന നൽകിയാലും ശ്രദ്ധിക്കുക. മാജിക് പേനയാണോ എന്നു പരിശോധിക്കുക.
10.മാജിക് പേനകൾ യുഎഇയിൽ നിരോധിച്ചതാണ്. ഇത്തരം പേനകൾ കണ്ടാൽ ഉടനടി അധികൃതരെ വിവരം അറിയിക്കുക.

No comments:

Post a Comment